Friday 6 January 2012


കണ്ണുചിമ്മുന്ന നക്ഷത്രങ്ങള്‍!

നക്ഷത്രങ്ങളെയും ഗ്രഹങ്ങളേയും തിരിച്ചറിയുന്നത് എങ്ങനെയെന്നു കുട്ടുകാര്‍ക്കറിയാമോ ? മിന്നിത്തിളങ്ങുന്നവ നക്ഷത്രങ്ങളും അല്ലാത്തവ ഗ്രഹങ്ങളും ആയിരിക്കും. എന്നാല്‍ നക്ഷത്രങ്ങള്‍ മിന്നുന്നില്ല എന്നതാണ് സത്യം! മിന്നുന്നു എന്നത് നമുക്കുണ്ടാകുന്ന ഒരു തോന്നല്‍ മാത്രമാണ്. ഇതിന്‍റെ കാരണം എന്താണെന്ന് അറിയാമോ?  പ്രകാശത്തിന്‍റെ അപവര്‍ത്തനം മുലമാണ് നമുക്ക് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതായി തോന്നുന്നത്. വളരെ അകലെയുള്ള  നക്ഷത്രങ്ങള്‍ ചെറിയ ഒരു പൊട്ടുപോലെയാണ് നാം കാണുന്നത്. അതില്‍നിന്നുവരുന്ന പ്രകാശബീം വളരെ നേര്‍ത്തതായിരിക്കും.  ഈ പ്രകാശം അന്തരീക്ഷവായുവില്‍കുടി കടന്നുവേണം നമ്മുടെ കണ്ണില്‍ പതിക്കാന്‍. അന്തരീക്ഷവായുവിന്‍റെ  പ്രകാശിക സാന്ദ്രതയും ഊഷ്മാവും വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ കുഞ്ഞുനക്ഷത്രത്തില്‍ നിന്നുവരുന്ന പ്രകാശബീമിന് പലതവണ അപവര്‍ത്തനം സംഭവിക്കുന്നു. ഇങ്ങനെ നമ്മുടെ കണ്ണില്‍ പതിക്കുന്ന പ്രകാശത്തിന്‍റെ തീവ്രതയ്ക്ക് ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നതുമുലമാണ് നക്ഷത്രങ്ങള്‍ മിന്നുന്നതായി നമുക്ക് തോന്നുന്നത്.
അങ്ങനെയെങ്കില്‍ ഗ്രഹങ്ങള്‍ മിന്നാത്തത് എന്തുകൊണ്ടായിരിക്കും? നക്ഷത്രങ്ങളെ അപേക്ഷിച്ച് ഗ്രഹങ്ങള്‍ ഭുമിയോടുകുടുതല്‍ അടുത്തായിരിക്കും. സ്വാഭാവികമായും അവയ്ക്ക് വലുപ്പം കുടുതലായി നമുക്ക് അനുഭവപ്പെടുന്നു. വലിയ സ്രോത്സ്സില്‍നിന്നുള്ള പ്രകാശബീമിന് കനം കുടുതലായിരിക്കുമല്ലോ? അതിനാല്‍ അവയ്ക്ക് കാര്യമായി അപവര്‍ത്തനം സംഭവിക്കുന്നില്ല. ഗ്രഹങ്ങള്‍ മിന്നാത്തതിന്‍റെ  കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?
ചന്ദ്രനില്‍ നിന്ന് നക്ഷത്രങ്ങളെ വീക്ഷിക്കുന്ന ഒരാള്‍ക്ക്‌ അവ മിന്നുന്നതായി കാണപ്പെടുന്നില്ല! മാധ്യമം ഇല്ലെങ്കില്‍ പിന്നെ എന്ത് അപവര്‍ത്തനം അല്ലെ?
ഹബിള്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് നക്ഷത്രങ്ങളുടെ വ്യക്തമായ ചിത്രം എടുക്കാന്‍ കഴിയുന്നതിനു കാരണം അവ ബഹിരാകാശത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്നതിനാലാണ്.
ഭുമിയില്‍ നിന്നുതന്നെ മിന്നാത്ത നക്ഷത്രങ്ങളെ കാണണമെങ്കില്‍ താഴെപ്പറയുന്ന രീതിയില്‍ ആകാശവീക്ഷണം നടത്തിനോക്കൂ! ഒരുപക്ഷെ കണ്ണ് ചിമ്മാത്ത നക്ഷത്രങ്ങളെ കാണാന്‍ കഴിഞ്ഞേക്കും!

ഉയരം വളരെ കുടിയതും  ( കൊടുമുടിയിലോ മറ്റോ!)  താപനിലയില്‍ വ്യതിയാനം കാര്യമായി ഉണ്ടാകാത്തതും  വായു മലിനീകരണം തീരെ ഇല്ലാത്തതുമായ ഒരു സ്ഥലത്തുപോയി രാത്രിയില്‍ ആകാശം വീക്ഷിക്കുക! ചിലപ്പോള്‍ കണ്ണടയ്ക്കാത്ത നക്ഷത്രങ്ങളെ കാണാന്‍ കഴിഞ്ഞേക്കും (ചിലപ്പോള്‍ മാത്രം കേട്ടോ!)

No comments: