Saturday 17 December 2011

വിമാനങ്ങള്‍ ബഹിരാകാശത്തേയ്ക്ക് പറന്നുകയറാത്തത് എന്തുകൊണ്ട്?


വളരെ ഉയരത്തില്‍ പറക്കാന്‍ കഴിവുള്ളവയാണ് വിമാനങ്ങള്‍. വളഞ്ഞും ചരിഞ്ഞും കുത്തനെയും (90 ഡിഗ്രിയില്‍) ഇവയ്ക്ക് പറക്കാനാവും. എന്നാല്‍ ബഹിരാകാശയാത്രയ്ക്ക് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ബഹിരാകാശത്ത് വായു ഇല്ലാത്തതാണ് കാരണം. വായുവിന്റെ തള്ളല്‍ മൂലമാണ് വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്നത്. ബര്‍ണോളിയുടെ സിദ്ധാന്തം ഇതിന് വിശദീകരണം നല്കുന്നു.

വിമാനത്തിന്റെ ചിറകിന്റെ നെടുകെയുള്ള ഛേദം പരിശോധിക്കുക. അടിഭാഗം പരന്നും മൂകള്‍ഭാഗം വക്രമായും ആണ് വിമാനത്തിന്റെ ചിറക് സജ്ജീകരിച്ചിരിക്കുന്നത്. അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ചിറകിന്റെ ഇരുവശത്തുമുള്ള വായു അതിവേഗത്തില്‍ ചിറകുകളെ ഉരുമ്മി കടന്നുപോകും. എന്നാല്‍ ചിറകിന്റെ മുകള്‍ഭാഗത്ത് കൂടി പോകുന്ന വായുവിന് അടിഭാഗത്തുകൂടി ചലിക്കുന്ന വായുവിനേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. മുകള്‍ഭാഗത്തെ പ്രതലം വക്രമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.(ചിത്രം ശ്രദ്ധിക്കുക).ഇങ്ങനെ ചലിക്കുമ്പോള്‍ മുകള്‍ഭാഗത്തെ വായു തന്മാത്രകള്‍ തമ്മിലുള്ള അകലം അടിഭാഗത്തുള്ളതിനേക്കാള്‍ കൂടുകയും മുകളിലെ വായുവിന്റെ കട്ടി (തിക്ക്നെസ്സ്) കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ചിറകിന് മുകള്‍ഭാഗത്ത് വായു മ്ര്‍ദം കുറയുകയും അടിഭാഗത്തുള്ള വായു വിമാനത്തെ മുകളിലേക്ക് തള്ളുകയും ചെയ്യും.ഇങ്ങനെയാണ് വിമാനം മുകളിലേക്ക് ഉയരുന്നത്. ബഹിരാകാശത്ത് വായു ഇല്ലാത്തതിനാല്‍ ഈ പ്രക്രിയ സംഭവിക്കുകയില്ല. അതിനാല്‍ വിമാനങ്ങള്‍ക്ക് ബഹിരാകാശത്ത് പറക്കാനും ആവില്ല. സാധാരണ വിമാനങ്ങള്‍ 12 കി.മീ ഉയരം വരെ പറക്കുന്നവയാണ്. നാസയുടെ ഹീലിയോസ് എന്ന വിമാനം ഏതാണ്ട് 30 കി.മീ ഉയരത്തില്‍ പറക്കും. ഈ ഉയരത്തിലെ വായുവിന്റെ സാന്ദ്രത സമുദ്രനിരപ്പിലുള്ളതിനേക്കാള്‍ 100 മടങ്ങ് കുറവായിരിക്കും. ഇതിനുമേലെ പറക്കാന്‍ വിമാനങ്ങള്‍ക്ക് കഴിയുകയില്ലത്രേ!
റോക്കറ്റുകളുടെ പ്രവര്‍ത്തനം ഇതില്‍നിന്ന് വ്യത്യസ്തമാണ്. ന്യൂട്ടന്റെ മൂന്നാം ചലനനിയമമാണ് ഇതിന്റെ പ്രവര്‍ത്തന തത്ത്വം.


വായുവിന്റെ തള്ളല്‍ മൂലമല്ല റോക്കറ്റുകള്‍ ചലിക്കുന്നത്. റോക്കറ്റില്‍ ഉള്ള ഇന്ധനം ജ്വലിക്കുമ്പോള്‍ ഉള്ളിലെ മ്ര്‍ദം നോസിലില്‍ക്കൂടി പുറത്തേക്ക് സ്വതന്ത്രമാകുമ്പോള്‍ ഉണ്ടാകുന്ന എതിര്‍ ബലമാണ് റോക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തുന്നത്. ഇന്ധനം ജ്വലിക്കുവാന്‍ ഓക്സിജന്‍ ആവശ്യമാണ്. ബഹിരാകാശത്ത് ഓക്സിജന്‍ ലഭ്യമല്ലാത്തതിനാല്‍ പ്രത്യേക ടാങ്കില്‍ നിറച്ചിരിക്കുന്ന ഓക്സിജനാണ് റോക്കറ്റില്‍ ഉപയോഗപ്പെടുത്തുന്നത്.                       

No comments: