Friday 16 December 2011

സി എഫ് എല്‍

ഏറെ പ്രചാരത്തിലായിക്കഴിഞ്ഞ വൈദ്യുത വിളക്കുകളാണ് കോംപാക്ട് ഫ്ളൂറസെന്‍റ് ലാമ്പ് അഥവാ സി എഫ് എല്‍.
ഫിലമെന്‍റ് ലാമ്പുകളെ അപേക്ഷിച്ച് സി എഫ് എല്ലുകള്‍ക്ക് ഗുണങ്ങള്‍ ഏറെയുണ്ട്. വെളുത്ത പ്രകാശം, കുറഞ്ഞ ചൂട്, വൈദ്യുതി ലാഭം എന്നിവയാണ് സി എഫ് എല്ലിന്റെ മേന്മകള്‍.

സി എഫ് എല്ലിന്റെ ഘടന
ആര്‍ഗണ്‍ വാതകം  നിറച്ച ഗ്ലാസ് ട്യൂബാണ് സി എഫ് എല്ലിന്റെ പ്രധാന ഭാഗം. ഗ്ലാസ് ട്യൂബിന്റെ വശങ്ങളില്‍ ഫോസ്ഫറസ് പൂശിയിരിക്കും. ആര്‍ഗണ്‍ വാതകത്തിലൂടെ വൈദ്യുതപ്രവാഹം സാധ്യമാകുന്ന തരത്തിലുള്ള ഇലക്ട്രോണിക് സര്‍ക്കീട്ട് ഇതിലുണ്ട്. സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ ആര്‍ഗണ്‍ വാതകത്തിലൂടെ വൈദ്യുത പ്രവാഹമുണ്ടാവുകയും അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഇതില്‍ ഇന്‍ഫ്രാറെഡിന്റെ അളവ് വളരെ കുറവായതിനാല്‍ ബള്‍ബിള്‍ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് കുറവായിരിക്കും. അതേസമയം കൂടിയ അളവിലുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഗ്ലാസ് ട്യൂബിന്റെ പ്രതലത്തില്‍ പൂശിയിട്ടുള്ള ഫോസ്ഫറസ് പ്രതലം ആഗിരണം ചെയ്യുകയും ദൃശ്യപ്രകാശം പുറത്തുവരികയും ചെയ്യും. ഫോസ്ഫറസ് ഫ്ളൂറസെന്‍റ് പദാര്‍ത്ഥം ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കുറച്ചുമാത്രം താപം ഉണ്ടാകുന്നതിനാല്‍ വൈദ്യുതി  ലാഭിക്കാന്‍ സി എഫ് എല്ലിന് കഴിയുന്നു. ഉപയോഗിക്കപ്പെടുന്ന വൈദ്യുതിയുടെ ഏറിയ പങ്കും പ്രകാശോര്‍ജ്ജമായി മാറുകയാണ് ചെയ്യുന്നത്. സാധാരണ ബാള്‍ബുകളെ അപേക്ഷിച്ച് സി എഫ് എല്ലുകള്‍ക്ക് ആയുസ്സ് കൂടുതലാണ് എന്നതാണ് മറ്റൊരു ഗുണം.
പരിമിതികള്‍
1.സി എഫ് എല്ലില്‍ ഉണ്ടാകുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം എന്നുപറയപ്പെടുന്നു.
2.തുടരെയുണ്ടാകുന്ന വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ സി എഫ് എല്ലിന്റെ പ്രവര്‍ത്തനം തകരാറിലാക്കും.
3.ഫിലമെന്‍റ് ലാമ്പുകളെ അപേക്ഷിച്ച് വില കൂടുതല്‍.
4.ഫ്യൂസായ സി എഫ് എല്ലുകളിലെ ആര്‍ഗണ്‍,ഫോസ്ഫറസ് എന്നിവ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

No comments: