Monday 23 January 2012

ഭൂസ്ഥിര ഉപഗ്രഹങ്ങളും പോളാര്‍ ഉപഗ്രഹങ്ങളും

ഭുമധ്യ രേഖയ്ക്ക് സമാന്തരമായി പരിക്രമണം ചെയ്യുന്നവയാണ് ഭുസ്ഥിരഉപഗ്രഹങ്ങള്‍. ഇവയുടെ പരിക്രമണ വേഗതയും ഭുമിയുടെ ഭ്രമണ വേഗതയും തുല്യമായതിനാല്‍  ഭ്രമണ പഥത്തിലെ ഒരു നിശ്ചിത ബിന്ദുവില്‍ അത് സ്ഥിരമായി നില്‍ക്കുന്നതായി കാണാം. ഒരേ വേഗതയില്‍ അടുത്തടുത്ത് രണ്ടുവാഹനങ്ങള്‍ ഒരേ വേഗതയില്‍ സഞ്ചരിക്കുന്നുവെന്ന് കരുതുക. അപ്പോള്‍ ഇരു വാഹനങ്ങളിലെയും യാത്രികര്‍ക്ക് എപ്പോഴും പരസ്പരം കാണാമല്ലോ! ഭുസ്ഥിര ഉപഗ്രഹങ്ങളുടെ കാര്യവും ഇങ്ങനെതന്നെ. ഭുമാധ്യരേഖയില്‍നിന്ന് ഏതാണ്ട് 36000  കി.മി ഉയരത്തിലാണ്  ഈ ഉപഗ്രഹങ്ങളുടെ സ്ഥാനം. ഒരിടത്തുതന്നെ സ്ഥിരമായി നില്‍ക്കുന്നതിനാല്‍ വാര്‍ത്താവിനിമയ രംഗത്ത്  ഇവ ഉപയോഗിക്കുന്നു.

ഇതില്‍നിന്നു വ്യത്യസ്തമാണ് പോളാര്‍ ഉപഗ്രഹങ്ങള്‍ . ഭുമിയുടെ 
 ധൃവങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പരിക്രമണം ചെയ്യുന്നവയാണ് 
 പോളാര്‍ ഉപഗ്രഹങ്ങള്‍. ഭുമിയില്‍ നിന്ന് ഏതാണ്ട് 850 കി.മി ഉയരത്തിലാണ് ഇവയുടെ സ്ഥാനം. 1994 ഫെബ്രുവരി 24 ന് നാസ ആദ്യത്തെ പോളാര്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു. അന്തരീക്ഷത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇത്തരം ഉപഗ്രഹങ്ങളുടെ പ്രധാന ജോലി .  ഓരോ 100 മിനിട്ടിലും പോളാര്‍ ഉപഗ്രഹം ഒരു പരിക്രമണം പുര്‍ത്തിയാക്കും. ഭുമിയുടെ ഭ്രമണവും പോളാര്‍ ഉപഗ്രഹത്തിന്റെ പരിക്രമണവും ഏതാണ്ട് ലംബമായിരിക്കുമല്ലോ. അതിനാല്‍ വിവിധ പോസിഷനുകളില്‍ ഭുമിയെ ഒരുദിവസം പലതവണ നിരീക്ഷിക്കാന്‍ ഇത്തരം ഉപഗ്രഹങ്ങള്‍ക്ക് കഴിയും. ഓസോണ്‍ പാളിയെ കുറിച്ചും വിവിധ   വികിരണങ്ങളെ കുറിച്ചും വിവരശേഖരണം നടത്താന്‍ ഇവ ഉപയോഗിക്കുന്നു. താഴ്ന്നു ഭ്രമണം ചെയ്യുന്നതിനാല്‍ സൂര്യതാപമേറ്റ് തകരാറിലാകാനുള്ള സാധ്യതയും പോളാര്‍ ഉപഗ്രഹങ്ങള്‍ക്ക് കുറവാണ്.

No comments: